Tuesday, December 4, 2012

നിങ്ങള്ക്കും സൃഷ്ടിക്കാം, ഒരു കാര്ഷിȥക സംരംഭം

താല്‍പ്പര്യമുണ്ടോ, എങ്കില്‍ നിങ്ങള്‍ക്കും സൃഷ്ടിക്കാം, ഒരു കാര്‍ഷിക സംരംഭം

മികച്ച കാലാവസ്ഥ, ആവശ്യത്തിന് വെള്ളം, ഫലഭൂയിഷ്ഠമായ മണ്ണ്, പാഴായി പോകുന്ന നിരവധി വിഭവങ്ങള്‍... എല്ലാം കേരളത്തിനുണ്ട്. നമുക്ക് സ്ഥലത്തിലേ കുറവുള്ളു. തമിഴ്‌നാടിനെയും മറ്റ് സംസ്ഥാനങ്ങളെയും താരതമ്യപ്പെടുത്തുമ്പോള്‍ സ്ഥലം കുറവാണെന്നത് സത്യമാണ്. പക്ഷെ ആധുനിക മാര്‍ഗങ്ങളിലൂടെ ആ പരിമിതി മറികടക്കാനാകും.

അധ്വാനം ഏറെയുള്ള, എന്നാല്‍ വരുമാനം ഒട്ടും ലഭിക്കാത്ത, വിദ്യാഭ്യാസമുള്ളവര്‍ കടന്നുവരാത്ത മേഖലയായിരുന്നു ഇതുവരെ കാര്‍ഷിക രംഗം. എന്നാല്‍ സ്ഥിതി മാറുകയാണ്. എം.ബി.എ, എന്‍ജിനീയറിംഗ് ബിരുദം നേടിയവര്‍ കൃഷിയിലേക്ക് തിരിഞ്ഞതിന് കേരളത്തില്‍ തന്നെ നിരവധി ഉദാഹരണങ്ങളുണ്ട്. ആധുനിക സങ്കേതങ്ങളുടെ കടന്നുവരവ് കൃഷിയെ അടിമുടി മാറ്റിയിരിക്കുന്നു. മണ്ണിലിറങ്ങാന്‍ മടിക്കുന്ന യുവത്വത്തിന് വൈറ്റ് കോളര്‍ ജോലി പോലെ കൃഷി നടത്താന്‍ ആധുനിക മാര്‍ഗങ്ങള്‍ സഹായിക്കും. മികച്ച വരുമാനവും നേടാനാകും.

എന്തുകൊണ്ട് കൃഷി?
10
ശതമാനം ജി.ഡി.പി വളര്‍ച്ച നാം നേടണമെങ്കില്‍ അത് കൃഷിയിലൂടെയേ സാധ്യമാകൂ. കാരണം രാജ്യത്തെ 60 ശതമാനം ജനങ്ങളും കാര്‍ഷികവൃത്തിയെ ആശ്രയിച്ചാണ് കഴിയുന്നത്. മാത്രമല്ല, ഭക്ഷ്യാവശ്യങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ജനസംഖ്യ കൂടുന്നതിനനുസരിച്ച് ഭക്ഷ്യ ഉല്‍പ്പാദനം കൂട്ടിയില്ലെങ്കില്‍ വലിയൊരു ദുരന്തത്തിലേക്കായിരിക്കും നാം നടന്നടുക്കുന്നത്. ജൈവ പച്ചക്കറികള്‍ക്ക് ഡിമാന്റ് കൂടുകയുമാണ്. അതിനാല്‍ ഭക്ഷ്യവിപണിയുടെ വളര്‍ച്ച എപ്പോഴും മുകളിലേക്ക് തന്നെയായിരിക്കും എന്നതില്‍ സംശയമില്ല.വര്‍ഷങ്ങളായി നാം കാര്‍ഷിക മേഖലയെ അവഗണിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ഈ മേഖലയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നത് ഈ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എന്നെപ്പോലുള്ളവര്‍ ഈ രംഗത്തേക്ക് കടന്നുവന്നപ്പോള്‍ അന്ന് ഫണ്ട് നല്‍കാനോ മാര്‍ഗനിര്‍ദേശം നല്‍കാനോ പോലും ആരുമുണ്ടായിരുന്നില്ല. പക്ഷെ ഇന്ന് വന്‍ സബ്‌സിഡിയും വിദഗ്ധ പരിശീലനവും വരെ നല്‍കാന്‍ സര്‍ക്കാര്‍ മുന്നിലുണ്ട്.

എല്ലാ പഞ്ചായത്തിലും മൂന്ന് ഗ്രീന്‍ ഹൗസ് വീതം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതൊരു നല്ല തുടക്കമാണ്. 900 പഞ്ചായത്തുകളില്‍ മൂന്ന് ഗ്രീന്‍ ഹൗസുകള്‍ വീതം 27,00ന് മുകളില്‍ ഗ്രീന്‍ ഹൗസുകള്‍ സ്ഥാപിക്കപ്പെട്ടാല്‍ അതൊരു വന്‍ വിജയമായിരിക്കും.
എന്റെ നിര്‍ദേശപ്രകാരം ഈ രംഗത്തെ വിദഗ്ധരടങ്ങുന്ന വലിയൊരു ടീമിനെ പൂനെയിലേക്ക് സര്‍ക്കാര്‍ അയക്കാന്‍ തയാറായത് മറ്റൊരു നേട്ടമായി കരുതുന്നു. നല്ല മാതൃകകള്‍ നമുക്ക് അനുകരിക്കാം.

ആധുനിക കൃഷി രീതികള്‍
ഒരു സ്വിച്ചിട്ടാല്‍ ആവശ്യത്തിന് വെള്ളം. അടുത്ത സ്വിച്ചിട്ടാല്‍ വളം. കുത്തിയൊലിക്കുന്ന മഴയെയോ കത്തിക്കയറുന്ന വെയിലിനെയോ തട
ഞ്ഞ് നിര്‍ത്തണം. അതിനും ഒരു സ്വിച്ച് മതി. മേല്‍ക്കൂര സാഹചര്യമനുസരിച്ച് കൃഷിയെ സംരക്ഷിക്കും. നിങ്ങളിപ്പോള്‍ ചിന്തിക്കുന്നത് ഇത്തരം ഒരു സംവിധാനത്തിന്റെ ചെലവിനെക്കുറിച്ചായിരിക്കും. പേടിക്കേണ്ട. സര്‍ക്കാര്‍ സബ്‌സിഡികള്‍ നിരവധിയുണ്ട്. അതിലും ചെലവ് നില്‍ക്കുന്നില്ലെങ്കില്‍ കൂട്ടുകൃഷിയാകാം. വിവിധയിനം ആധുനിക കൃഷി രീതികള്‍ എന്തൊക്കെയാണ്?

ഗ്രീന്‍ ഹൗസ് ഫാമിംഗ്: തികച്ചും ആധുനികമായ കൃഷി രീതിയാണിത്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ഉല്‍പ്പാദനമാണ് ഗ്രീന്‍ ഹൗസ് ഫാമിംഗിന്റെ ഏറ്റവും വലിയ മെച്ചം. മാത്രമല്ല, ഏതു സീസണിലും ഏത് കൃഷിയും നടത്താനാകും. കാരണം ചെയ്യുന്ന കൃഷിയ്ക്ക് അനുയോജ്യമായ രീതിയിലുള്ള കാലാവസ്ഥ ഈ ചെറിയ സ്ഥലത്ത് നാം സെറ്റ് ചെയ്ത് കൊടുക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ കേരളത്തില്‍ സാധാരണയായി കൃഷി ചെയ്യാത്ത കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിയവ മാത്രമല്ല, മൂന്നാര്‍ പോലുള്ള ഹൈറേഞ്ച് പ്രദേശമാണെങ്കില്‍ സ്‌ട്രോബെറിയും ആപ്പിളും വരെ കൃഷി ചെയ്യാം. കൂടുതല്‍ വിലയുള്ള, ഇവിടെ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ളപഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നതോടെ സംരംഭകന് മികച്ച വരുമാനം നേടാന്‍ സാധിക്കും.

ഒരു ഗ്രീന്‍ ഹൗസ് സ്ഥാപിക്കാന്‍ കുറഞ്ഞത് 1,000 സ്‌ക്വയര്‍ മീറ്റര്‍ അഥവാ 25 സെന്റ് സ്ഥലമാണ് ആവശ്യം. ഇവിടെ രണ്ടര ഏക്കറില്‍ നിന്ന് ലഭിക്കുന്ന ഉല്‍പ്പാദനം ലഭിക്കും. വെള്ളവും വളവുമൊക്കെ ഓട്ടോമാറ്റിക് സംവിധാനത്തില്‍ സ്വിച്ചിട്ടാല്‍ ലഭിക്കുന്ന രീതിയിലാണ് ഗ്രീന്‍ ഹൗസ് ഒരുക്കുന്നത്. മാത്രമല്ല ചൂടും വെയിലും മഴയുമൊക്കെ നാം നിയന്ത്രിക്കുന്ന അളവില്‍ മാത്രം കൃഷിയിടത്തിലേക്ക് എത്തിക്കാം.

സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്ക് പാട്ടത്തിനെടുക്കാം. ഭാര്യയും ഭര്‍ത്താവും അടങ്ങുന്ന കുടുംബത്തിന് ഒരു ജീവനക്കാരനെ വെച്ചാല്‍ ഒന്നോ രണ്ടോ ഗ്രീന്‍ ഹൗസ് നോക്കിനടത്താം. ഒരു ഗ്രീന്‍ ഹൗസ് സ്ഥാപിക്കുന്നതിന് ശരാശരി 10 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കാം.

എന്നാല്‍ നാഷണല്‍ ഹോര്‍ട്ടി കള്‍ച്ചര്‍ മിഷനില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സബ്‌സിഡി കൂട്ടിയാല്‍ 75 ശതമാനം വരെ ലാഭിക്കാം. ബാക്കി തുകയേ കണ്ടെത്തേണ്ടതുള്ളൂ. മാത്രമല്ല മികച്ച പരിശീലനവും ലഭിക്കും. ഒരു ഗ്രീന്‍ ഹൗസില്‍ നിന്നുള്ള വരുമാനം, ചെയ്യുന്ന കൃഷിയും വിപണന രീതിയുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ചെലവുകള്‍ കഴിഞ്ഞ് മാസം 10,000-15,000 രൂപ ലാഭം പ്രതീക്ഷിക്കാം.

മണ്ണില്ലാതെയുള്ള കൃഷി രീതി: മണ്ണിന് പകരം ഉപ്പിന്റെ അംശം നീക്കിയ ചകിരിച്ചോറ് മാധ്യമമാക്കിയാണ് ഇത്തരത്തില്‍ കൃഷി നടത്തുന്നത്. ഇതിനായി സംസ്‌കരിച്ചെടുക്കുന്ന ചകിരിച്ചോറാണ് സ്റ്റെര്‍ലിംഗ് ഗ്രൂപ്പ് വിപണിയിലിറക്കുന്ന നിയോപീറ്റ്. നിയോപീറ്റ് നീളത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കൃത്യമായ അകലത്തില്‍ ചെടി നട്ടാണ് വ്യാപകമായി ഈ കൃഷി ചെയ്യുന്നത്. അതല്ലാതെ ചട്ടിയിലോ ബാഗിലോ ചകിരിച്ചോറില്‍ ചെടി വളര്‍ത്താനാകും. സാധാരണ സ്ഥലത്ത് മാത്രമല്ല, ടെറസിലോ ബാല്‍ക്കണിയിലോ തൂക്കിയിടുന്ന രീതിയിലോ ഒക്കെ ഇത്തരത്തില്‍ കൃഷി ചെയ്യാനാകും. 30 ശതമാനം ഉല്‍പ്പാദനം കൂടുതല്‍ കിട്ടുമെന്നതാണ് ഇതിന്റെ പ്രത്യേകത. വെള്ളവും വളവും ലാഭിക്കാനുമാകും. ജലാംശം സ്‌പോഞ്ച് രൂപത്തില്‍ നിലനിര്‍ത്തുന്നതിനാല്‍ വെള്ളം ഒഴുകിപ്പോകുന്നില്ല, വളവും നഷ്ടമാകുന്നില്ല. ഒരിക്കല്‍ കൃഷി ചെയ്തുകഴിഞ്ഞാല്‍ 4-5 വര്‍ഷത്തേക്ക് ചകിരിച്ചോറ് മാറ്റേണ്ടിവരില്ലെന്നതാണ് മറ്റൊരു പ്രത്യേകത.

വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ്: തീരെ സ്ഥലം ആവശ്യമില്ലാത്ത വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ് ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ വരെ ചെയ്യാം. സൂര്യപ്രകാശം ലഭിക്കത്തവിധത്തില്‍ കുത്തനെയായി ഭിത്തിയോട് ചേര്‍ത്ത് കൃഷി ചെയ്യാം. ചീര പോലെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും ഭംഗിക്കായി പൂക്കളുമൊക്കെ ഇത്തരത്തില്‍ ഉല്‍പ്പാദിപ്പിക്കാം. പാശ്ചാത്യ രാജ്യങ്ങളില്‍ തികച്ചും സാധാരണമായ കൃഷിരീതിയാണിത്. കേരളത്തില്‍ പലരും ഇത് ഒരുക്കാനായി എന്നെ സമീപിച്ചിട്ടുണ്ട്.

പ്ലാന്റ് ഫാക്റ്ററി: സാധാരണ ഒരു ഫാക്റ്ററിയില്‍ എങ്ങനെ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നുവോ അതുപോലെ കാര്‍ഷികവിളകള്‍ ഉല്‍പ്പാദിപ്പിക്കുന്ന രീതിയാണിത്. ശീതീകരിച്ച/പ്രത്യേക ഊഷ്മാവില്‍ ക്രമീകരിച്ച മുറിക്കുള്ളില്‍, ഓരോ സസ്യത്തിനും ആവശ്യമായ പ്രകാശോര്‍ജ്ജം എല്‍.ഇ.ഡി ലൈറ്റിട്ട് നല്‍കി ഒരുക്കുന്ന പ്ലാന്റ് ഫാക്റ്ററിക്ക് ചെലവേറെ വരും. അതിനാല്‍ സാലഡുകളിലും മറ്റുമിടുന്ന ലെറ്റിയൂസ് പോലെ വിലയേറിയ സസ്യങ്ങളാണ് ഇത്തരത്തില്‍ കൃഷി ചെയ്യുന്നത്. ഏത് പ്രദേശത്തും ഏത് സമയത്തും ഏത് കൃഷിയും ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. പക്ഷെ ഈ കൃഷിരീതി വ്യാപകമല്ല.

വിപണനം എങ്ങനെ ലാഭകരമാക്കാം?
പച്ചക്കറികളും പഴവര്‍ഗങ്ങളും വെറുതെ ഉല്‍പ്പാദിപ്പിച്ചതുകൊണ്ട് മാത്രം കാര്യമില്ല. അവ മികച്ച രീതിയില്‍, പായ്ക്ക് ചെയ്ത് ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിച്ചാലേ സംരംഭകന് അര്‍ഹമായ വില ലഭിക്കൂ. കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് അത് യൂറോപ്പിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാം. വിദേശരാജ്യങ്ങളില്‍ മൂന്ന് തരത്തിലുള്ള പച്ചക്കറികള്‍ ലഭ്യമാണ്. വില കുറവുള്ള സാധാരണ പച്ചക്കറികള്‍. രാസവളം ഇടും, പക്ഷെ കീടനാശിനി ഉപയോഗിക്കാത്ത സേഫ് ടു ഈറ്റ് വെജിറ്റബിള്‍സ്, വില 30 ശതമാനം കൂടുതലുള്ള, രാസവളവും കീടനാശിനിയും ഉപയോഗിക്കാത്ത ഓര്‍ഗാനിക് വെജിറ്റബിള്‍സ്. ഇതില്‍ ഓര്‍ഗാനിക്, സേഫ് ടു ഈറ്റ് വെജിറ്റബിള്‍സ് നമുക്ക് കയറ്റുമതി ചെയ്യാനാകും. ഗ്രീന്‍ കേരള ബ്രാന്‍ഡില്‍, കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍, ഇവിടത്തെ സംരംഭകര്‍ ഒരുമിച്ചുകൂടി കയറ്റുമതി ചെയ്യുന്നത് മികച്ച ആശയമാണ്.

ക്ലസ്റ്ററുകള്‍ പരീക്ഷിക്കാം
ഒരു ഗ്രീന്‍ഹൗസ് ഒരാള്‍ ഒറ്റയ്ക്ക് ചെയ്യാതെ 10-20 പേരോ അതില്‍ താഴെയോ പേര്‍ ചേര്‍ന്ന് അനേകം ഗ്രീന്‍ഹൗസുകള്‍ സൃഷ്ടിച്ചാല്‍ പല പ്രയോജനങ്ങളുണ്ട്. അടുത്തടുത്ത് ആണെങ്കില്‍ അവയുടെ പരിപാലനത്തിന് കുറച്ചുപേര്‍ മതി. എല്ലാവരും ചേര്‍ന്ന് ആലോചിച്ച് ഓരോരുത്തരും വിവിധ വിളകള്‍ കൃഷി ചെയ്യാം. അപ്പോള്‍ ഒരു പച്ചക്കറി തന്നെ അനേകം വിപണിയിലെത്തി വില ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാകില്ല. മാത്രമല്ല എല്ലാവരും ചേര്‍ന്ന് (അല്ലെങ്കില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍) ഒരു പ്രോസസിംഗ് യൂണിറ്റുണ്ടാക്കി അതില്‍ പച്ചക്കറികള്‍ ഒരുമിച്ചു, ഗുണനിലവാരവും കീടനാശിനിയുടെ അളവും മറ്റും പരിശോധിച്ച്, വൃത്തിയായി പായ്ക്ക് ചെയ്ത്, പ്രത്യേക ബ്രാന്‍ഡില്‍ കേരള വിപണിയില്‍ എത്തിക്കുകയോ കയറ്റുമതി ചെയ്യുകയോ ചെയ്യാം. ഒരു ഗ്രൂപ്പ് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ സംരംഭകന് വിപണി തേടി അലയേണ്ട. മികച്ച വിലയും ഉറപ്പാക്കാം.

പരിശീലനവും വന്‍ സബ്‌സിഡിയും
രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ് സര്‍ക്കാര്‍ തരുന്ന വലിയ സബസിഡികളും പരിശീലനവും മറ്റും. നേരത്തെ പറഞ്ഞതുപോലെ ഗ്രീന്‍ ഹൗസ് കൃഷിക്ക് 50 ശതമാനം സബ്‌സിഡി നാഷണല്‍ ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ നല്‍കുമ്പോള്‍ 25 ശതമാനം സബ്‌സിഡി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. മൊത്തം 75 ശതമാനമാണ് സബ്‌സിഡിയായി ലഭിക്കുക.

ഫണ്ട് ലഭിക്കാന്‍
1987
ല്‍ ഞാന്‍ ഈ രംഗത്തേക്ക് കടന്നുവന്നപ്പോള്‍ ഫണ്ടിനായി പല ബാങ്കുകളെയും സമീപിച്ചു. എല്ലാവരും കൈമലര്‍ത്തി. എന്നാല്‍ ഈ ബാങ്കുകളെല്ലാം തന്നെ വായ്പ ആവശ്യമാണോ എന്ന് ചോദിച്ച് എന്നെ സമീപിക്കുകയാണിപ്പോള്‍. പക്ഷെ ഇന്നത്തെ സ്ഥിതി ഏറെ മാറിയിരിക്കുന്നു. പുതിയ സംരംഭകരെ സഹായിക്കാന്‍ ഇന്ന് പല സ്ഥാപനങ്ങളുമുണ്ട്. സീഡ് മണി അഥവാ ഏഞ്ചല്‍ ഫണ്ടുകള്‍ സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്ന സംഘടനയായ ടൈ നല്‍കുന്നുണ്ട്. അതുപോലെ തന്നെ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടുകള്‍ നല്‍കുന്ന അനേകം സ്ഥാപനങ്ങളുമുണ്ട്.

ഗ്രീന്‍ ഹൗസ് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൃഷിഭവനെ ബന്ധപ്പെട്ടാല്‍ അവര്‍ അപേക്ഷകള്‍ തയാറാക്കുന്നതിന് നിങ്ങളെ സഹായിക്കും. മാത്രമല്ല ടേണ്‍ കീ രീതിയില്‍ എല്ലാ സാങ്കേതിക വിദ്യകളും വന്ന് സ്ഥാപിച്ചുതരും. കൃഷി നടത്താനുള്ള വിദഗ്ധ പരിശീലനവും നല്‍കും. സംരംഭകന് വേണ്ടത് നിശ്ചയദാര്‍ഢ്യവും കൃഷിയോടുള്ള താല്‍പ്പര്യവുമാണ്. അതുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി ഈ രംഗത്തേക്ക് കടന്നുവരാം.

ഈ രംഗത്തേക്കുറിച്ചുള്ള സംശയങ്ങള്‍ക്കും സംരംഭം സ്ഥാപിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ലേഖകനെ ബന്ധപ്പെടാം.

ശിവദാസ് ബി.മേനോന്‍ -ഫോണ്‍: 0484-2307874, 98470 83444, sbmenonsterling@neopeat.com

 


No comments:

Post a Comment